മൂക്കന്നൂര്‍: ചെറുപുഷ്പ സന്യാസ സഭ (സിഎസ്ടി) സ്ഥാപകനായ ഫാ. ബസീലിയൂസ് പാണാട്ടിന്റെ 50-ാം ചരമവാര്‍ഷിക അനുസ്മരണം ഇന്നു മൂക്കന്നൂര്‍ ബേസില്‍ ഭവനില്‍ നടക്കും.
രാവിലെ എട്ടിന് അദ്ദേഹത്തിന്റെ കബറിടത്തില്‍ ഒപ്പീസ്. ഒമ്പതിന് ബേസില്‍ ഭവന് ആശ്രമദേവാലയത്തില് വിശുദ്ധ കുർബാന. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യകാര്‍മികത്വം വഹിക്കും.
ഗോരഖ്പുര്‍ ബിഷപ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍, ബിഷപ് എമരിറ്റസ് മാര്‍ തോമസ് തുരുത്തിമറ്റം, സിഎസ്ടി സുപ്പീരിയര്‍ ജനറല്‍ ഫാ. ജോജോ വരകുകാലായില്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരായ ഫാ. ജോണ്സണ് വരകപ്പറമ്പില്, ഫാ. ജിജോ ഇന്ഡിപ്പറമ്പില്, ഫാ. ജോര്‍ജ് ആലുക്ക, ഫാ. സാബു കണ്ടംകെട്ടിയില്, അതിരൂപത വികാരി ജനറാള്‍ ഫാ. ഡോ. ജോസ് പുതിയേടത്ത് എന്നിവര്‍ സഹകാര്‍മികരാകും.
11ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സിഎസ്ടി സുപ്പീരിയര്‍ ജനറല്‍ ഫാ. ജോജോ വരകുകാലായില്‍ അധ്യക്ഷത വഹിക്കും.തുടര്‍ന്നു ശ്രാദ്ധവും ഉണ്ടാകുമെന്ന് സിഎസ്ടി വികാര്‍ ജനറാള്‍ ഫാ. ജോര്‍ജ് ആറാഞ്ചേരി അറിയിച്ചു.